My Blog List

Friday, January 17, 2020

ജിദ്ദ ആലുവ കൂട്ടായ്മയുടെ 08.02.2019 മുതല്‍ 16.02.2020 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌



ജിദ്ദ ആലുവ കൂട്ടായ്മയുടെ 08.02.2019 മുതല്‍ 16.02.2020 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌
ജിദ്ദ ആലുവ കൂട്ടായ്മയുടെ  ജനറല്‍ ബോഡിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്‌തു കൊള്ളുന്നു.
കഴിഞ്ഞ കാലങ്ങളില്‍  നമ്മില്‍ നിന്നും മരണപ്പെട്ടുപോയ നമ്മുടെ ബന്ധു മിത്രാദികള്‍, മറ്റു  വിശിഷ്ട്ട വ്യക്തികള്‍ എന്നിവര്‍ക്ക് കൂട്ടായ്മയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 
     
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജിദ്ദയുടെ മണ്ണില്‍ കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ആലുവക്കാരടക്കം ജിദ്ദയിലും, നാട്ടിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് കൊണ്ട് ജിദ്ദ ആലുവ കൂട്ടായ്മ മുന്നേറുകയാണ്.  കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ നിലവാരം ഒട്ടും ചോര്‍ന്നു പോകാതെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ട് പോകാന്‍ 2019 ലും കഴിഞ്ഞിട്ടുണ്ടെന്നു ഈ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവും. ഇക്കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ പ്രവര്‍ത്തന വിജയത്തിന് നിസ്സീമമായ സഹകരണങ്ങള്‍  നല്‍കിയ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതോടോപ്പം ഈ പ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരുടെ ഓര്‍മ്മയ്‌ക്ക്‌ മുന്നില്‍ നമിച്ചുകൊണ്ട്‌ കഴിഞ്ഞ ഒരു വര്‍ഷത്തെ കൂട്ടായ്മയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അഭിമാനത്തോടെ, നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

2019 ഫെബ്രുവരി 08 ന് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ട് ഓഡിറ്റൊറിയത്തില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ 2018 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും,വരവ് ചിലവ് കണക്കുകളും  അവതരിപ്പിച്ചു പസാക്കുകയുമുണ്ടായി.

2019 കാലയളവില്‍ 15 എക്സിക്യൂട്ടീവ് കമ്മറ്റികള്‍ ചേരുകയും കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും,  ഉന്നമനത്തിനും വേണ്ടി നിര്‍ണായകമായ പല തീരുമാനങ്ങളും ചര്‍ച്ച ചെയ്തു നടപ്പിലാക്കുകയുമുണ്ടായി . കൂട്ടായ്മയുടെ ഇപ്പോഴത്തെ ഭരണ സമിതിയെ നിങ്ങളുടെ അറിവിലേക്കായി താഴെ പറയുന്നു.

രക്ഷാധികാരികള്‍
പി.എം.മായിൻകുട്ടി, ചൊവ്വര  
സൈദു മുഹമ്മദ് ആലുവ
മുഹമ്മദ്‌ ഷാ, ആലുവ

Dr.സിയാവുദീന്‍, പാനായിക്കുളം (പ്രസിഡണ്ട് )
സൈനുദീൻ, എടയപ്പുറം (ജനറല്‍സെക്രട്ടറി )
അബ്ദുള്‍ഖാദര്‍, ആലുവ (ട്രഷറർ കം കോ-ഓർഡിനേറ്റർ)

സുബൈര്‍ മുട്ടം  (വൈസ് പ്രസിഡന്‍റെ)
ഫൈസൽ, തോട്ടുമുഖം,സുബൈർ, പാനായിക്കുളം എന്നിവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍)

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി  :
റഷീദ് പി.എ., തോട്ടുമുഖം
അബ്ദുൽ കലാം, എടയാർ
ഷാഹുല്‍ ഹമീദ് കളമശ്ശേരി
അന്‍ഫല്‍ മുവാറ്റുപുഴ
മുഹമ്മദ്‌ ഷാ കാസിം ചിറയം
അന്‍വര്‍ തോട്ടുമുഖം
ഹാഷിം കുന്നുകര
മുഹമ്മദ്‌ റഫീക്ക് പാനായിക്കുളം എന്നിവരുമാണ്.

2019 ല്‍ ആദ്യമായി നമുക്ക് ചെയ്യാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികം പൂര്‍വ്വാധികം ഭംഗിയായി ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുക്കയും,കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ സാംസ്കാരിക വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ജിദ്ദയിലെ അറിയപ്പെടുന്ന തിയേറ്റര്‍ കലാകാരനായ മുഹ്സിന്‍ കാളികാവിനെ പങ്കെടുപ്പിച്ചു കൊണ്ട് കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും, കുടുംബങ്ങങ്ങള്‍ക്കും വേണ്ടി ഒരു നാടക ക്യാമ്പ് സംഘടിപ്പിക്കുകയും, അതോടനുബന്ധിച്ച് കഴിഞ്ഞ വാര്‍ഷികത്തില്‍ പ്രളയം മഹാ ദുരന്തം വിതച്ച നമ്മുടെ നാടിന്‍റെ വിഷമതകള്‍ ആവിഷ്കരിച്ചു കൊണ്ട് “ഒഴുക്ക്” എന്ന നാടകം ജിദ്ദയിലെ കാലാസ്വാദകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും എല്ലാ ആളുകളില്‍ നിന്നും പ്രംശംസ പിടിച്ചു പറ്റാനും ജിദ്ദാ ആലുവ കൂട്ടായ്മയുടെ പ്രശസ്തി വാനോളം ഉയര്‍ത്തുവാനും കഴിഞു എന്നുള്ളതാണ്.

അതുപോലെ ആലുവക്കാരായ രണ്ടു പ്രവാസികള്‍ക്ക് സ്പോന്‍സറുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ കൂട്ടായ്മ അതില്‍ ഇടപെടുകയും, അവര്‍ക്ക് വേണ്ട നിയമ സഹായം ലഭ്യമാക്കുകയും, സ്പോന്സരുമായി സംസാരിച്ചു പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ശേഷം ജോലിയില്‍ പ്രവേശിച്ച അവരില്‍ ഒരാള്‍ രോഗ ബാധിതനായി നാട്ടില്‍ exit ല്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തിക വളരെ മോശം ആണെന്ന് മനസ്സിലാക്കി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന് ടിക്കറ്റ്‌ എടുത്തു കൊടുക്കുകയും ചെയ്തു. 

വര്‍ഷങ്ങങ്ങളായി നാട്ടില്‍ പോകാനാവാതെ കഫീലിന്റെ വ്യാജ കേസില്‍ അകപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞുണ്ണിക്കര സ്വദേശി ജമാലിനെ സാമ്പത്തികമായി സഹായിക്കാന്‍ അംഗങ്ങളുടെ സഹകരണത്തോടെ കൂട്ടായ്മക്ക് സാധിച്ചു.

പെരുമ്പാവൂരില്‍ നിന്നും ഉമ്രക്ക് വന്ന ഒരു ഉമ്മ ജിദ്ദയില്‍ വച്ച് മരണപ്പെടുകയും, മരണാനന്തര കര്‍മ്മങ്ങളില്‍ സഹോദര കൂട്ടായ്മയായ PPA യുമായി സഹകരിച്ചു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ഉണ്ടായി.

ജോലി നഷ്ട്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കേണ്ടി വന്ന കൂട്ടായ്മ അംഗം ബഷീര്‍ നടുവിലപ്പറംബിലിന്നു അദ്ദേഹത്തിന്‍റെ സാമ്പത്തിക ബുദ്ദിമുട്ടു കണക്കിലെടുത്ത് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ്‌ കൂട്ടായ്മ നല്‍കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുകയും കൂട്ടായ്മയുടെ മോമെന്ടോ സമ്മാനിക്കുകയും ചെയ്തു.

ആലുവയിലെ സാധുക്കളായ ജനങ്ങളെ അവരുടെ രോഗാവസ്ഥയുടെ അവസാന സമയത്ത് ശുശ്രൂഷിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന അന്‍വര്‍ പെയിൻ ആൻഡ് പാലിയേറ്റിവ് കെയര്‍ സെന്‍റര്‍ന് അത് തുടര്‍ന്നും നില നിര്‍ത്തിക്കൊണ്ട് പോകാന്‍ വളരെയധികം സാമ്പത്തിക വിഷമതകള്‍ അനുഭവിക്കുന്നതായി അതിന്റെ ചെയര്‍മാന്‍ ഡോ.ഹൈദര്‍ അലി കൂട്ടായ്മയിലേക്ക് കത്തയച്ചു സഹായം അഭ്യര്‍ഥിച്ചത്നുസരിച്ചു കൂട്ടായ്മ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അതിനു വണ്ടി ബക്കറ്റ് പിരിവു നടത്തുകയും കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം രൂപ ആശുപത്രിയില്‍ പോയി അവര്‍ക്ക് കൈമാറുകയും ചെയ്തു. കൂടാതെ കൂട്ടായ്മ അംഗങ്ങള്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികളെ സന്ദര്‍ശിക്കുകയും,അവര്‍ക്ക് സാന്ത്വനമേകുകയും ചെയ്തു.

എല്ലാ വര്‍ഷത്തെയും പോലെ 2019 ലെ ഇഫ്താര്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉള്ള ഏകദേശം 100 ഓളം ആളുകളെ പങ്കെടുപ്പിച്ചു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന്  വളരെ വിപുലമായി ജിദ്ദയിലെ Impala Garden Restaurant ല്‍ വച്ച് സംഘടിപ്പിക്കുകയും. ജിദ്ദയിലെ അറിയപ്പെടുന്ന എഴുത്തുകാരനും ബ്ലോഗറുമായ ബഷീര്‍ വള്ളിക്കുന്നിനെ  പങ്കെടുപ്പിച്ചു  റമദാന്‍ സന്ദേശം നല്‍കുകയുമുണ്ടായി.

സഹോദര സംഘടനകളായ PPA, MUSRIS, SEWA എന്നിവരുമായി സഹകരിച്ച് സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും, മോട്ടിവേഷന്‍ സ്പീക്കറുമായ DR.ജവഹര്‍ മുനവ്വറിന്റെ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.

ജിദ്ദ ആലുവ കൂട്ടായ്മ ഈ വര്‍ഷം ഒരു പുതിയ ചുവടു വപ്പു കൂട്ടി നടത്തുകയുണ്ടായി. കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് തമ്മില്‍ കാണുവാനും, പരസ്പരം പരിചയപ്പെടാനുമായി കൂട്ടായ്മ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് തായിഫ് ടൂർ (JAK EXPLORER-2019) എന്ന പേരിൽ 45 പേരടങ്ങുന്ന ഒരു ട്രിപ്പ്‌  അൽ വഹ ഓപ്പറേറ്റു ചെയ്യുന്ന ടൂർ പ്രോഗ്രാം വഴി സംഘടിപ്പിക്കുകയും, തായിഫിലെ പ്രശസ്തമായ ഉക്കാള് ചന്തയും, പ്രശസ്തമായ പല ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിച്ചു മടങ്ങുകയുമുണ്ടായി.  

ആലുവ കൊടികുത്തുമല സ്വദേശി ഷഹീര്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സിക്കാന്‍ വളരെയധികം ബുദ്ടിമുട്ടുന്നതുകൊണ്ട് സാമ്പത്തികമായി സഹായിക്കണം എന്നറിയിച്ചു കൊണ്ട്  കൂട്ടായ്മയിലേക്ക് ഒരു ലെറ്റര്‍ തരികയും, കമ്മറ്റി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ്മയിലെ അംഗങ്ങളില്‍ നിന്നും പിരിവെടുത്തു അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിക്കുകയും, അതനുസരിച്ച് അംഗങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടിയ സംഖ്യയും കൂട്ടായ്മ  രക്ഷാധികാരിയും കൂടി കാര്യമായി സഹായിച്ചതിന്‍റെ ഫലമായി അദ്ദേഹത്തിന് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു.

നീണ്ട 26 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ കൂട്ടായ്മ ട്രെഷറർ ഉസ്മാൻ തായിക്കാട്ടുകരക്ക് കമ്മറ്റി റാറ ആവിസ് റെസ്റ്റ്രണ്ടില്‍ വച്ച്  യാത്രയയപ്പു നല്‍കുകയും, കൂട്ടായ്മയുടെ മോമെന്ടോ അദ്ദേഹത്തിന് സമ്മാനിക്കുകയും, അദ്ദേഹത്തിന്‍റെ ഒഴിവിലേക്ക് പുതിയ ട്രഷറര്‍ ആയി അബ്ദുള്‍ ഖാദര്‍ ആലുവയെ തെരെഞ്ഞെടുക്കുകയും ചെയ്തു. 

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയ ജിദ്ദയിലെ സാമൂഹിക രംഗത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കൂട്ടായ്മ അംഗം കരീം നീറിക്കോടിനു ഗ്ലോബല്‍ കൂള്‍ ഓഫീസില്‍  വച്ച്  വിപുലമായ യാത്ര അയപ്പ് നല്‍കുകയും, കൂട്ടായ്മയുടെ മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.

ജിദ്ദയില്‍ നിന്നും പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കഴിയുന്ന നമ്മുടെ മുന്‍ അംഗങ്ങള്‍ രൂപം കൊടുത്ത ജിദ്ദ ആലുവ എക്സ് ഗള്‍ഫ് കൂട്ടായ്മ, ജിദ്ദ ആലുവ കൂട്ടായ്മയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതനുസരിച്ച്  ജാക്ക് എക്സ് ഗള്‍ഫ് കൂട്ടായ്മയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കൂട്ടായ്മ അംഗമായിരുന്ന അജീബ് അസീസ്‌ അദ്ദേഹത്തിന്റെ ഭാര്യയുടെ  അസുഖവും, വിയോഗവും മൂലം സാമ്പത്തികമായി വളരെയധികം ബുദ്ടിമുട്ടുന്നതായി എക്സ് ഗള്‍ഫ് കൂട്ടായ്മ മുഖേന  കൂട്ടായ്മയെ അറിയിക്കുകയും, അദ്ദേഹത്തിന് 50,000 രൂപ കൂട്ടായ്മ സഹായിക്കുകയും ചെയ്തു.

കേരള ഗവണ്മെന്റ് പ്രവാസികള്‍ക്കായി രൂപം കൊടുത്ത നോര്‍ക്ക ഐടി കാര്‍ഡ്, പ്രവാസി ക്ഷേമ നിധി എന്നിവയെ കുറിച്ച് കൂട്ടായ്മ അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും, താലപര്യമുള്ള ഏകദേശം 13 ഓളം അംഗങ്ങള്‍ക്ക് ജനറല്‍സെക്രട്ടറി  അത് എടുത്തു കൊടുക്കുകയുണ്ടായി.

കൂട്ടായ്മ അംഗങ്ങള്‍ക്കും, അവരുടെ ആശ്രിതര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ചാരിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‍റെ ചെറിയ ഒരു അംശം ഇവിടെയും നാട്ടിലും കഷ്ട്ടത അനുഭവിക്കുന്ന ആലുവക്കാരായ ആളുകള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുവാനായി ചാരിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ 25% പൊതു ചാരിറ്റി ഫണ്ടിന് ഉപയോഗിക്കാം എന്ന് കമ്മറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കുകയും, അതനുസരിച്ചു പ്രളയം മഹാ നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സഹായിക്കുകയും ചെയ്തു.

ഉപസംഹാരം

2019 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അര്‍പ്പണ മനോഭാവവും, കൂട്ടായ പ്രവര്‍ത്തനവും, അംഗങ്ങളുടെ സഹകരണവും മൂലമാണ് ഇത്രയും കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞത്. എക്സിക്യൂട്ടീവ് അംഗങ്ങളുടെ അകമഴിഞ്ഞ സാമ്പത്തീക സഹായങ്ങളും എടുത്തു പറയേണ്ടതാണ്.

കക്ഷി രാഷ്‌ട്രീയ-ജാതി-മത ഭേദമന്യേ സാംസ്‌ക്കാരികബോധത്തോടെ കൂട്ടായ്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ അംഗങ്ങളും ഇനിയും  മുന്നോട്ടു വരണമെന്ന് ഞാന്‍ ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. കൂട്ടായ്മ പ്രവര്‍ത്തകര്‍ക്ക്‌ ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. അതിനനുസൃതമായ പ്രവര്‍ത്തികള്‍ ഉണ്ടാകേണ്ടതും പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും സാമൂഹിക ബാധ്യതയുമാണ്.

ജിദ്ദ ആലുവ കൂട്ടായ്മയെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കാനായതില്‍ ഈ കമ്മറ്റി അഭിമാനം കൊള്ളുന്നു. കൂട്ടുത്തരവാദിത്വത്തിന്‍റെ ഉത്തമോദാഹരണമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഓരോ കമ്മറ്റിയംഗത്തിനും അങ്ങേയറ്റം അഭിമാനവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവും നല്‍കിയ അനവധി പേരുണ്ട്‌. അവര്‍ തന്ന പ്രോത്സാഹനവും പിന്തുണയും ഞങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ഞങ്ങളെ ഇനിയും മുന്നോട്ട് നയിക്കാന്‍ പ്രാപ്തരാക്കുന്നു. അവരോടു ഭരണസമിതിയുടെ നന്ദി അറിയിക്കുന്നു.  

      കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ രത്നചുരുക്കമാണ് ഈ റിപ്പോര്‍ട്ട്‌. ഞങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ ഞങ്ങളാലാവും വിധം പ്രവര്‍ത്തിക്കാന്‍ ഈ ഭരണസമിതി ശ്രമിച്ചിട്ടുണ്ട്‌. തെറ്റു കുറ്റങ്ങള്‍ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കുകയും നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനു നിങ്ങള്‍ ഓരോരുത്തരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട്  കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടു ബഹുമാന്യരായ അംഗങ്ങളുടെ പരിഗണനക്കും വിലയിരുത്തലിനുമായി സമര്‍പ്പിക്കുന്നു.

ഭരണസമിതിക്കുവേണ്ടി,                       
ജനറല്‍ സെക്രട്ടറി
ജിദ്ദ ആലുവ കൂട്ടായ്മ                         പ്രസിഡണ്ട്‌ :________________________

No comments:

Post a Comment