കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും കൊച്ചിക്കും ഇടയ്ക്കാണ്. നിർമ്മാണ ഘട്ടത്തിലുള്ള കൊച്ചി മെട്രോ റെയിൽ ആരംഭിക്കുന്നതു ആലുവയിൽ നിന്നാണു.
ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു.
ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് പേർ വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ് സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു.
മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു.
ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ ഒരു പാമ്പിന്റെ വായയും നടുഭാഗവും വാലുമായി മൂന്നമ്പലങ്ങളെ (ശിവക്ഷേത്രം, കടുങ്ങല്ലൂരമ്പലം, തിരുവാല്ലൂരമ്പലം) ബന്ധിപ്പിക്കുന്ന ഒരു കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.


























